സമൻസ് കൈപ്പറ്റാനാകുക പ്രായപൂർത്തിയായ പുരുഷന്; ലിംഗ വിവേചനം പരിശോധിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗങ്ങൾക്ക് മാത്രമേ സമൻസ് സ്വീകരിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 64 ലിംഗ വിവേചനമാണോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി.
സമൻസ് കൈപ്പറ്റാൻ സ്ത്രീകളെ അനുവദിക്കാത്തതിനെതിരായ റിട്ട് ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ മറുപടി നൽകണം. 1908ലെ സിവിൽ നടപടിച്ചട്ടത്തിൽ ഈ വിവേചനമില്ല. പ്രായപൂർത്തിയായ ഏതൊരാൾക്കും സമൻസ് കൈപ്പറ്റാം.
എന്നാൽ 1973 ൽ 65 വർഷത്തിന് ശേഷം പാസാക്കിയ ക്രിമിനൽ നടപടിച്ചട്ടത്തിൽ സമൻസിന്‍റെ കാര്യത്തിൽ ലിംഗ വിവേചനമുണ്ടെന്ന് കുഷ് കൽറ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സമൻസ് സ്വീകരിക്കേണ്ട വ്യക്തി വീട്ടിലില്ലെങ്കിൽ കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗത്തിന് അത് സ്വീകരിക്കാമെന്നാണ് സെക്ഷൻ 64ൽ പറയുന്നത്.