പൂച്ചയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി വിൽക്കാൻ ശ്രമം; യുവാവ് പിടിയില്‍

മറയൂർ: വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും കേരളം മുന്നിലാണെങ്കിലും മലയാളികൾ പെട്ടെന്ന് വഞ്ചിക്കപ്പെടുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. ആട്, തേക്ക്, ഒഞ്ചിയം കഥ മുതൽ മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിന് വരെ തലവെച്ചുകൊടുത്തവരാണ് മലയാളികള്‍. ഓരോ തട്ടിപ്പിലും ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടാലും അടുത്ത തട്ടിപ്പിൽ കൊണ്ടുപോയി തലവെച്ചുകൊടുക്കുകയും ചെയ്യും.

തട്ടിപ്പുകാരിൽ ഒരാൾ പിടിക്കപ്പെട്ടാൽ അടുത്ത തട്ടിപ്പുമായി അവർ മുന്നോട്ട് വരും. അത്തരത്തിലൊരു തട്ടിപ്പിന്‍റെ രസകരമായ വാർത്തയാണ് ഇപ്പോൾ മറയൂരിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ആളുകളെ കബളിപ്പിക്കാനും പണം പോക്കറ്റിലാക്കാനും കഴിയുന്നതിന് മുമ്പ്, തട്ടിപ്പ് വീരനെ പോലീസ് പിടികൂടി.

പൂച്ചക്കുഞ്ഞുങ്ങളെ പെയിന്റടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന വ്യാജേന വില്‍പ്പനയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവണ്ണാമല അരണി സ്വദേശി പാർത്ഥിപനെയാണ് (24) കടുവകൾ വിൽപ്പനയ്ക്കുണ്ടെന്ന വാട്സാപ്പ് സന്ദേശത്തിൽ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. മറയൂരിനടുത്തുള്ള അതിർത്തി ഗ്രാമത്തിലാണ് സംഭവം.