സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യദൃശ്യം പകര്‍ത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
പത്തനംതിട്ട: അടൂരിൽ എംആർഐ സ്കാനിംഗിനായി എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അടൂർ ആശുപത്രി ജംഗ്ഷനിലെ സ്വകാര്യ ലാബിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെയാണ് ഏഴംകുളം സ്വദേശിനിയായ പെൺകുട്ടി എംആർഐ സ്കാനിംഗിനായി കേന്ദ്രത്തിലെത്തിയത്. വസ്ത്രം മാറുന്നതിനിടെ ആരോ തന്‍റെ ഫോട്ടോ എടുക്കുന്നുണ്ടെന്ന് സംശയിച്ച പെൺകുട്ടി തിരിഞ്ഞുനോക്കിയപ്പോൾ സ്‌കാനിങ് സെന്റര്‍ ജീവനക്കാരനായ രഞ്ജിത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായാണ് പെണ്‍കുട്ടി കണ്ടതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ രാത്രിയിൽ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ പെൺകുട്ടി യുവാവിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കുകയും സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഫോണിന്‍റെ പരിശോധനയിൽ സ്കാനിംഗിനായി എത്തിയ നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.