കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്; കോണ്‍വെന്റ്, കുട്ടികളുടെ രണ്ടു ഹോസ്റ്റല്‍ എന്നിവടങ്ങിലും മിന്നല്‍ പരിശോധന

ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപദേശിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്. ക്രിസ്ത്യന്‍ പുരോഹിതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളിലും ഹോസ്റ്റലുകളിലുമാണ് റെയ്ഡ്. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ചേര്‍ന്നാണ് റെയിഡ് നടത്തിയത്. റെയിഡിന് ശേഷം വൈദികരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം അനധികൃത റെയിഡെന്ന് വൈദികമാര്‍ ആരോപിച്ചു.അനാഥാലയത്തിലെ കംമ്പ്യൂട്ടറുകളും ഉപകരണങ്ങളും നശിപ്പിച്ചതായും വൈദീകര്‍ ആരോപിച്ചു.150 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ശംബുര സെന്റ് ഫ്രാന്‍സിസ് സേവാധാം അനാഥാലയത്തിലായിരുന്നു ചൊവ്വാഴ്ച ബാലാവകാശ കമീഷന്റെ ‘മിന്നല്‍ പരിശോധന.

എന്നാല്‍ ഇവിടെ പരിശോധന നടത്തുന്നത് ഹൈക്കോടതി വിലക്കിയത് ചൂണ്ടിക്കാട്ടിയിട്ടും സംഘം ഗൗനിച്ചില്ലന്ന് വൈദികര്‍ പറഞ്ഞു. കുര്‍ബാനയ്ക്കായി സൂക്ഷിച്ച ആനാംവെള്ളം മദ്യമാണെന്ന് ആരോപിച്ച് ഇവര്‍ വാര്‍ത്താസമ്മേളനവും നടത്തി. പരിസരത്തുള്ള പള്ളി, കോണ്‍വെന്റ്, കുട്ടികളുടെ രണ്ടു ഹോസ്റ്റല്‍ എന്നിവയും പരിശോധിച്ചു. തുടര്‍ന്ന്, പള്ളി അള്‍ത്താരയിലേക്ക് അതിക്രമിച്ച് കയറിയത് എതിര്‍ത്ത വൈദികരായ ഇ പി ജോഷി, നവീന്‍ എന്നിവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും വിശുദ്ധ വസ്തുക്കളോട് അനാദരവ് കാട്ടിയെന്നും ഇവര്‍ ആരോപിച്ചു. അന്തേവാസിയുടെ അച്ഛനമ്മമാരുടെ പരാതിയിലാണ് പിരശോധനയെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖകള്‍ നല്‍കാന്‍ തയ്യാറായില്ല.

കംപ്യൂട്ടറുകള്‍, സിസിടിവികള്‍, മൊബൈല്‍ ഫോണുകള്‍, സുപ്രധാന രേഖകള്‍ തുടങ്ങിയവ നശിപ്പിച്ചു. 2020 മുതല്‍ അനാഥാലയത്തിന്റെ ലൈസന്‍സ് ബിജെപി സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടില്ല. 18 തവണ അപേക്ഷ നല്‍കിയെന്ന് ഫാ. സാബു പുത്തന്‍പുരയ്ക്കല്‍ ദേശാഭിമാനിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബീഫ് വിളമ്പിയെന്നും മതപരിവര്‍ത്തനം നടത്തിയെന്നും ആരോപിച്ച് സ്ഥാപനത്തില്‍നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ആരോപണം പൊളിഞ്ഞതോടെ കുട്ടികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നത് ഹൈക്കോടതി തടഞ്ഞു. നിലവില്‍ 37 കുട്ടികളാണ് ഇവിടെയുള്ളത്. നിര്‍ദിഷ്ട കന്യകുമാരി -കശ്മീര്‍ റോഡിനു സമീപത്തുള്ള അനാഥാലയത്തിന്റെ ഭൂമിയില്‍ ബിജെപി മന്ത്രിമാര്‍ക്കും ഭൂമാഫിയക്കും കണ്ണുണ്ടെന്നും ഇവര്‍ പറഞ്ഞു.