ആസാദിന് പിന്നാലെ പാർട്ടി വിടാൻ ആനന്ദ് ശർമ്മ?

ദില്ലി: ഗുലാം നബി ആസാദിന് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് ആനന്ദ് ശർമയും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ. പാർട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് ശബ്ദമുയർത്തിയ പ്രമുഖ ജി-23 നേതാക്കളിൽ ഒരാളായ ആനന്ദ് ശർമയ്ക്ക് നേതൃത്വത്തോട് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ആനന്ദ് ശർമ ഹിമാചൽ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാനം രാജിവച്ചിരുന്നു.

കോണ്‍ഗ്രസിന്‍റെ പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമാണ് ആനന്ദ് ശർമ. ഹിമാചൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ആനന്ദ് ശർമയെ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്. എന്നാൽ, നിയമനം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം രാജിവച്ചു. ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗങ്ങളിലും തന്നെ ക്ഷണിക്കുന്നില്ലെന്നും അഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ആനന്ദ് ശർമ സോണിയാ ഗാന്ധിക്ക് സമർപ്പിച്ച രാജിക്കത്തിൽ പറയുന്നു.

ജമ്മു കശ്മീരിൽ പാർട്ടി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് ഗുലാം നബി ആസാദ് രാജിവെച്ചതിന് പിന്നാലെയാണ് ആനന്ദ് ശർമ പാർട്ടി സ്ഥാനം രാജിവച്ചത്. ഇപ്പോൾ ഗുലാം നബി പാർട്ടി വിട്ട സാഹചര്യത്തിൽ ആനന്ദ് ശർമയും അദ്ദേഹത്തിന്‍റെ പാത പിന്തുടർന്ന് പാർട്ടി വിടുമോയെന്നാണ് ഇനി അറിയാനുള്ളത്.
ആസാദിന്‍റെ രാജിക്ക് പിന്നാലെ ആനന്ദ് ശർമ നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആസാദിന്‍റെ രാജി ഞെട്ടിക്കുന്നതാണെന്നും ഒഴിവാക്കാമായിരുന്ന സാഹചര്യമായിരുന്നെന്നും ആനന്ദ് ശർമ്മ പറഞ്ഞു. പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ, അതിൽ ചർച്ചകളും നടപടികളും ഉണ്ടാകുന്നില്ല. നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ രാജി ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.