ആൻ അഗസ്റ്റിൻ്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ട്രെയിലർ പുറത്ത്

സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ട്രെയിലർ പുറത്ത്. ഒരിടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും പ്രധാന വേഷത്തിലെത്തുകയാണ്. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എം. മുകുന്ദന്‍റെ ആദ്യ തിരക്കഥ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ നെടുമ്പ്രയിലെ ബാലൻ്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെൺകുട്ടി മീത്തലെപ്പുരയിലെ മടിയനായ ഓട്ടോറിക്ഷാ ഡ്രൈവറായ സജീവന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കാണിക്കുന്നത്.

മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നായ രാധിക വെള്ളിത്തിരയിൽ എത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ദേശീയ അവാർഡ് ജേതാവ് ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്. നവ്യ നായരുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ‘ഒരുത്തി’ക്ക് ശേഷം ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.