ഹിജാബ് വിരുദ്ധ പ്രക്ഷോഭം; യുവാവിന്റെ ശവകുടീരത്തിനരികില്‍ മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് സഹോദരി

ടെഹ്‌റാന്‍: ഇറാനില്‍ ശക്തമാകുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവകുടീരത്തിനരികില്‍ അലറിക്കരഞ്ഞുകൊണ്ട് മുടി മുറിക്കുന്ന സഹോദരിയുടെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. ജാവേദ് ഹെയ്ദാരിയെന്ന യുവാവാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. സംസ്‌കാരച്ചടങ്ങില്‍ നിരവധി സ്ത്രീകള്‍ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. ജാവേദിന്റെ സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ട് സ്വയം മുടി മുറിച്ച് ശവമഞ്ചത്തിലിടുന്ന വിഡിയോ വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചുറ്റുമുള്ള സ്ത്രീകള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മുടിമുറിച്ചാണ് ഇറാന്‍ വനിതകള്‍ തങ്ങളുടെ പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുന്നത്.

ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ അറസ്റ്റിലായ കുര്‍ദ് യുവതി മഹ്‌സ അമിനി മരിച്ചതിനെ തുടർന്നാണ് ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. ഒമ്പത് ദിവസം പിന്നിട്ട പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 41 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മേഖലയിലെ ഓഷന്‍വീഹ് നഗരം സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്ന് കുർദിഷ് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.

അതേസമയം, അമിനിയുടെ മരണത്തിൽ പ്രസിഡന്‍റ് ഇബ്രാഹിം റൈസി അന്വേഷണത്തിന് ഉത്തരവിട്ടു. ഇപ്പോൾ നടക്കുന്നത് ഒരു ജനകീയ പ്രക്ഷോഭമല്ലെന്നും രാജ്യത്തിനെതിരായ കലാപമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. യുഎസിലെ കസ്റ്റഡി മരണം ചൂണ്ടിക്കാട്ടി വിഷയത്തില്‍ യുഎന്‍ അടക്കമുള്ളവര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.