ആന്‍റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പരിശോധനയ്ക്കായി അയച്ച ആന്‍റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സാക്ഷ്യപ്പെടുത്തി. കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് ആന്‍റി-റാബിസ് വാക്സിൻ മികച്ച ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിൽ ചിലരിൽ പേവിഷബാധ മരണം ഉണ്ടായ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായാണ് വാക്സിൻ വീണ്ടും പരിശോധനയ്ക്കായി അയച്ചത്.

ഈ വാക്സിൻ മികച്ച ഗുണനിലവാരമുള്ളതാണെന്ന് കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി സാക്ഷ്യപ്പെടുത്തി. കേന്ദ്ര ലാബിലേക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശങ്കകൾ അവസാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് ആന്റി റാബിസ് വാക്സിനെപ്പറ്റിയുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വാക്സിൻ സ്വീകരിച്ച അഞ്ച് പേർ മരിച്ച സാഹചര്യത്തിലായിരുന്നു ഇത്.
ഇതിനെത്തുടർന്ന് രണ്ട് ബാച്ച് ഇമ്മ്യൂണോഗ്ലോബുലിൻ, ഒരു ബാച്ച് ആന്‍റി റാബിസ് വാക്സിൻ എന്നിവ പരിശോധനയ്ക്കായി കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിലേക്ക് അയച്ചു. ഈ ബാച്ചുകളിൽപ്പെട്ട വാക്സിൻ പരിശോധനയ്ക്ക് അയച്ച ശേഷം വിതരണം ചെയ്യരുതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദ്ദേശം നൽകിയിരുന്നു.