പേവിഷബാധ പ്രതിരോധ വാക്‌സിൻ ഫലപ്രദം; മരണങ്ങൾക്ക് കാരണം കാലതാമസവും ഗുരുതര പരിക്കും

ന്യൂഡൽഹി: കേരളത്തിൽ പേവിഷബാധയേറ്റുണ്ടായ മരണങ്ങൾക്കു കാരണം വാക്സിൻ പിശകല്ലെന്ന് കേന്ദ്ര സംഘം. വാക്സിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് ഈ മരണങ്ങൾക്ക് കാരണമെന്ന ആരോപണം ശരിയല്ല. വാക്സിൻ ഫലപ്രദമാണ്. നായ്ക്കളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അവബോധമില്ലാത്തതാണ് മരണത്തിന് കാരണമെന്നും സംഘം പറഞ്ഞു. സംസ്ഥാനം സന്ദർശിച്ച ശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃഗങ്ങളുടെ കടിയേറ്റാൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ അവബോധം കുറവാണ്. ഇതാണ് മരണങ്ങളുടെ പ്രധാന കാരണം. സമയോചിതമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ മിക്ക മരണങ്ങളും തടയാൻ കഴിയുമായിരുന്നു. ഈ വർഷം കേരളത്തിൽ പേവിഷബാധയേറ്റ് 21 മരണങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പുകളുടെ പരാജയമാണ് മരണകാരണമെന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചത്.

പേവിഷബാധയ്ക്കെതിരെ കൃത്യസമയത്ത് വാക്സിനേഷൻ ലഭിക്കാത്തതാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും കേരളത്തിലെ മരണത്തിന് കാരണമെന്ന് പഠനം നടത്തിയ കേന്ദ്ര സംഘം കണ്ടെത്തി. പേവിഷബാധയേറ്റ് 21 മരണങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഇതിൽ 16 എണ്ണം നായ്ക്കളുടെ കടിയേറ്റതാണ്.