റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തം; പലായനം തുടർന്ന് റഷ്യൻ ജനത
മോസ്‌കോ: റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ റിസർവ് ഫോഴ്സിനോട് യുദ്ധത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,300 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും റഷ്യയിലെ 38 നഗരങ്ങളിൽ പ്രതിഷേധം തുടർന്നു.
അതേസമയം, റിസർവ് സൈനികരെ യുദ്ധത്തിനായി അണിനിരത്താനുള്ള പുടിന്‍റെ ആഹ്വാനത്തെ തുടർന്ന് റഷ്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ, റഷ്യൻ വിമാനക്കമ്പനികൾ പുറത്തേക്ക് ടിക്കറ്റ് നൽകുന്നില്ലെന്നാണ് റിപ്പോർട്ട്. 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് നൽകുന്നത് വിമാനക്കമ്പനികൾ നിർത്തിവെച്ചതായാണ് റിപ്പോർട്ട്.