സ്ത്രീവിരുദ്ധ പരാമർശം; ഡി.ആർ.അനിലിനെതിരെ ബിജെപി വനിതാ കൗൺസിലർമാർ മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.എം കൗൺസിലർ ഡി.ആർ അനിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബി.ജെ.പി വനിതാ കൗൺസിലർമാർ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
പരാമർശത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർക്ക് കത്തയക്കും. ഡി.ആർ.അനിലിനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ തന്‍റെ കാഴ്ച മറച്ചു ബാനറുകൾ ഉയർത്തിയ ഒമ്പത് ബിജെപി വനിതാ കൗൺസിലർമാരെ മേയർ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനു പിന്നാലെ അറ്റൻഡൻസ് ബുക്കിൽ ഒപ്പിടാൻ കൗൺസിലർമാർ ശ്രമിച്ചപ്പോഴായിരുന്നു ഡോ അനിലിന്‍റെ വിവാദ പരാമർശം. ‘പണം കിട്ടാനാണെങ്കിൽ മറ്റ് എത്രയോ വഴികളുമുണ്ട്, അതിന് ഈ ബുക്കിൽ ഒപ്പിടണോ..’ എന്ന് വനിതാ കൗൺസിലർമാരെ ലക്ഷ്യമിട്ട് പറഞ്ഞതാണ് വിവാദമായത്. ബി.ജെ.പിയും അനിലിനെതിരെ മ്യൂസിയം പോലീസിൽ പരാതി നൽകിയിരുന്നു.