സ്ത്രീവിരുദ്ധ പരാമര്‍ശം; ഡി.ആര്‍.അനിലിന്റെ ഓഫീസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ സിപിഎം കൗൺസിലർ ഡി ആർ അനിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. അനിലിന്‍റെ ഓഫീസിലേക്കാണ് ബി.ജെ.പി മാർച്ച് നടത്തിയത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ഓഫീസിന്‍റെ വാതിലിൽ കരി ഓയിൽ ഒഴിച്ചു.
നിയമന കത്തു വിവാദവുമായി ബന്ധപ്പെട്ട സമരത്തിനിടെ, മേയർ ആര്യ രാജേന്ദ്രൻ തന്‍റെ കാഴ്ച മറച്ച് ബാനർ പിടിച്ച ഒൻപത് ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷനു ശേഷം അറ്റൻഡൻസ് ബുക്കിൽ ഒപ്പിടാൻ കൗൺസിലർമാർ ശ്രമിച്ചപ്പോഴായിരുന്നു അനിലിന്‍റെ വിവാദ പരാമർശം. “കാശു കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗങ്ങളുണ്ട്, അതിന് ഈ ബുക്കിൽ ഒപ്പിടണോ” എന്ന് വനിതാ കൗൺസിലർമാരെ ലക്ഷ്യമിട്ട് പറഞ്ഞതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.