വരുമാനം കൂട്ടിയാൽ ശമ്പളം മുടങ്ങാതെ ഒന്നാം തീയതി ലഭിക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. വരുമാനം നന്നായി വർദ്ധിപ്പിച്ചാൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ആസ്ഥാനത്ത് സ്ഥാപിച്ച സൗരോർജ നിലയം, ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം, ഇ-സർവീസ് ബുക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൈനംദിന കളക്ഷൻ റെക്കോർഡ് കൈവരിക്കാൻ കഠിനാധ്വാനം ചെയ്ത ജീവനക്കാർക്കുള്ള ക്യാഷ് അവാർഡുകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

കെഎസ്ആർടിസിക്ക് അഭിമാനകരമായ പദ്ധതികൾക്കാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരിൽ നിന്ന് സർക്കാരിന് ഇപ്പോൾ നല്ല സഹകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വാർത്തകൾ സൃഷ്ടിച്ച സ്ഥാപനമാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയെ ജനങ്ങളും മാധ്യമങ്ങളും നെഞ്ചോട് ചേർത്തുപിടിച്ചതാണ് ഇതിന് പ്രധാന കാരണം. കെഎസ്ആർടിസിയുടെ ലക്ഷ്യം ലാഭമുണ്ടാക്കുക മാത്രമല്ല, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ ഒരുക്കുക കൂടിയാണെന്നും മന്ത്രി പറഞ്ഞു.