ആന്‍റണി വര്‍ഗീസ് നായകനാകുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പിലെ’ ഗാനം പുറത്ത്

ആന്‍റണി വർഗീസിനെ നായകനാക്കി നവാഗതനായ നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവഹിച്ച ‘ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ബി.കെ. ഹരിനാരായണനാണ് ‘കരിമിഴി പ്രാവേ’ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. കെ.എസ്. ഹരിശങ്കർ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജെയ്ക്സ് ബിജോയ് ആണ്.

ഒരു ഫാന്‍റസി സ്പോർട്സ് ഡ്രാമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം ഫുട്ബോളിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഫീൽ ഗുഡ് എന്‍റർടെയ്നറായിരിക്കും. ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.

ഒൻപത് വയസ്സുള്ള ഒരു ഫുട്ബോൾ പ്രേമിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥിയുടെ കടന്നുവരവും ജീവിതത്തിൽ തുടർന്നുണ്ടാകുന്ന മാറ്റവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ടി.ജി രവി, ബാലു വർഗീസ്, ലുക്മാൻ, ഐ.എം വിജയൻ, ആദിൽ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, അർച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹൻ, ഡാനിഷ്, അമൽ, ബാസിത്, ശിവപ്രസാദ്, ഋത്വിക്, കാശിനാഥ്, ഇമ്മാനുവൽ തുടങ്ങിയവരാണ് അഭിനേതാക്കൾ.