ഹിറ്റായി ഉറുമ്പിന്റെ ‘മുഖ’ചിത്രം

നിക്കോണിന്റെ നേതൃത്വത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഹിറ്റായി ഉറുമ്പിന്റെ ‘മുഖ’ ചിത്രം. മൈക്രോസ്‌കോപിക് ഫോട്ടോഗ്രാഫി എന്ന വിഭാഗത്തിലാണ് ലിത്താന്വിയന്‍ ഫോട്ടോഗ്രഫറായ യൂജെനീജസ് കവാലിയസ്‌കാകസ് ഉറുമ്പിന്റെ മൈക്രോസ്‌കോപിക് ചിത്രം സമര്‍പ്പിച്ചത്. വേറിട്ട രീതിയിലുള്ള ഉറുമ്പിന്റെ ചിത്രം വളരെ വേഗം തന്നെ വൈറലായി. സ്‌മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രാഫി മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 57ചിത്രങ്ങളിൽ ഒന്നാണ് ഇത്. 72 രാജ്യങ്ങളില്‍ നിന്നും 1,300 ചിത്രങ്ങളാണ് നിക്കോണിന് ലഭിച്ചത്.

വന്‍സ്വീകാര്യത ലഭിച്ചെങ്കിലും ഈ ചിത്രത്തിന് പക്ഷേ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ല. സ്വീഡിഷ് ഫോട്ടോഗ്രഫര്‍മാരായ ഗ്രിഗോറി ടിമിന്‍, മിച്ചല്‍ മിലിന്‍കോവിച്ച് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. മഡ്ഗാസ്‌കര്‍ ജയന്‍റ് ജേ ഗെക്കോയുടെ ചിത്രത്തിനായിരുന്നു അവാര്‍ഡ്.