താനൂര്‍ ബോട്ടപകടം; മരിച്ചവരില്‍ കൂടുതല്‍ കുട്ടികള്‍, നടുക്കം വിട്ടൊഴിയാതെ താനൂര്‍

മലപ്പുറം: കേരളത്തെ നടുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 മരണം. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കമാണ് ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കം മുങ്ങിതാണു. ഏറെ ദുഷ്‌കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി. നിലവില്‍ 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 7 പേരുടെ നിലഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവരില്‍ കൂടുതലും കുട്ടികളാണ്.

രാത്രി 7നും 7.40നും ഇടയില്‍, മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.