ഗൂഗിളിന് എതിരാളിയാകാൻ ആപ്പിൾ; സെർച്ച് എൻജിൻ അവതരിപ്പിച്ചേക്കും

ആപ്പിളും ഗൂഗിളും സാങ്കേതികവിദ്യയിലും വളർച്ചയിലും മുൻപന്തിയിലാണ്. ഗൂഗിളുമായി ആപ്പിൾ ഒരു മത്സരം നടത്താൻ പോകുന്നുണ്ടോ എന്നാണ് ടെക് ലോകത്തിന് അറിയേണ്ടത്. ചില മേഖലകളിൽ ആപ്പിൾ ഗൂഗിളുമായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നമ്മളെല്ലാവരും ഒരു സെർച്ച് എഞ്ചിൻ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഗൂഗിൾ ആണ്. എന്നിരുന്നാലും, ഗൂഗിളിന് എതിരാളിയായി ഒരു സെർച്ച് എഞ്ചിൻ അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ സെർച്ച് എഞ്ചിൻ ഉപഭോക്താക്കളുടെ സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാനുള്ള സാധ്യതയും ടെക് ലോകം തള്ളിക്കളയുന്നില്ല. ഇത് സംബന്ധിച്ച ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം 2023 ജനുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ലെ ഡബ്ല്യുഡബ്ല്യുഡിസിയിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പട്ടികയിൽ സെർച്ച് എഞ്ചിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്കോബിൾ പറഞ്ഞു. ആപ്പിൾ മുമ്പും നിരവധി തവണ ഒരു സെർച്ച് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും വലിയ ഉൽപ്പന്ന ലോഞ്ചായിരിക്കുമെന്നും സെർച്ച് എഞ്ചിൻ ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും റോബർട്ട് സ്കൊബിൾ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഐഒഎസ് 16, മാക്ഒഎസ് 13, ഐപാഡ്ഒഎസ് 16, വാച്ച്ഒഎസ് എന്നിവയും അതേ വർഷം തന്നെ ആപ്പിൾ പുറത്തിറക്കും. ആപ്പിൾ ആരാധകരെല്ലാം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഓൾവെയ്സ്–ഓൺ ഡിസ്പ്ലേ സവിശേഷതയും ഉപയോക്താക്കളുടെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സവിശേഷതകളിലൊന്നാണ്. സാംസങ്, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകൾ ഇതിനകം ഓൾവെയ്സ്–ഓൺ ഡിസ്പ്ലേകൾ വാഗ്ദാനം ചെയ്യുന്നു. 2022 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 14 സീരീസിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.