അസോസിയേറ്റ് പ്രൊഫസർ നിയമനം: പ്രിയ വർഗീസിൻ്റെ നിയമനത്തിൽ അന്തിമ തീരുമാനം സ്ക്രൂട്‌നി കമ്മിറ്റിയുടേത്

കണ്ണൂർ: പ്രിയ വർഗീസിനെ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് സംബന്ധിച്ച തീരുമാനത്തിനായി വിഷയം സൂക്ഷ്മപരിശോധനാ സമിതിക്ക് വിട്ടു. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രിയ വർഗീസിന്‍റെ നിയമനം സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

മുൻ എം.പി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ അർഹതയില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.  വിധി ചർച്ചയ്ക്കായാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് യോഗം ചേർന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യത സർവകലാശാലയുടെ സ്ക്രൂട്നി കമ്മിറ്റി പുനഃപരിശോധിക്കും. 

പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയ്ക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം ഉണ്ടാകില്ലെന്ന് വി.സി ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർനടപടികൾ ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യും. വിധി വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാൻ സർവകലാശാല തയ്യാറായിരുന്നില്ല. വിഷയം ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന സിൻഡിക്കേറ്റ് യോഗങ്ങൾ നേരത്തെ രണ്ട് തവണ മാറ്റിവച്ചിരുന്നു.