അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സ്‌ക്രീനിംഗ് കമ്മിറ്റി എങ്ങനെയാണ് യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്ന് കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.

രജിസ്ട്രാറുടെ സത്യവാങ്മൂലത്തിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഏത് തലത്തിലുള്ള അധ്യാപക നിയമനമാണെങ്കിലും മികവില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.