തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിലേക്ക്
തൃശ്ശൂർ: തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്. പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയരുന്ന വിവാദം. പിന്മാറാൻ ഒന്നാം റാങ്കുകാരിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. ഒന്നാം റാങ്കുകാരി കോളേജിലെ അധ്യാപികയ്ക്ക് അയച്ച ചാറ്റ് പുറത്തായി. സമ്മർദ്ദം രണ്ടാം റാങ്കുകാരനായ മുൻ എസ്എഫ്ഐക്കാരന് വേണ്ടിയെന്നാണ് ആക്ഷേപം. മുൻ എസ്എഫ്ഐക്കാരനെ നിയമിക്കാൻ ഡിപ്പാർട്ട്മെന്റ് മേധാവിയും ഇടപെട്ടെന്നാണ് ഉയരുന്ന പരാതി. സബ്ജറ്റ് എക്സ്പർട്ടായ ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ടാണ് മേധാവിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു നിയമനത്തിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. നാല് പേരാണ് ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസിലെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്, സബ്ജക്ട് എക്സ്പർട് ആയ അധ്യാപിക ജ്യൂവൽ ജോൺ ആലപ്പാട്ട്, മറ്റൊരു അധ്യാപകൻ എന്നിവരായിരുന്നു പാനൽ. അഭിമുഖത്തിൽ പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയിൽ പെർഫോം ചെയ്തത്. രണ്ട് വർഷമായി ഗസ്റ്റ് അധ്യാപകനായി കേരള വർമ്മയിൽ പഠിപ്പിക്കുന്ന മുൻ എസ്എഫ്ഐ നേതാവ് റാങ്ക് പട്ടികയിൽ രണ്ടാമതായി. ഒന്നാം റാങ്ക് ഗസ്റ്റ് അധ്യാപകന് ലഭിക്കാതെ വന്നപ്പോൾ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് ഒപ്പിടാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
പിന്നീടാണ് വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത്. പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശം. തനിക്ക് നിരന്തരമായി ഫോൺ വിളികൾ ലഭിക്കുന്നുണ്ടെന്നും പിന്മാറാൻ സമ്മർദ്ദമുണ്ടെന്നുമാണ് യുവതി അറിയിച്ചത്. റാങ്ക് പട്ടിക ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. തനിക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യുവതി ഫോൺ വിളിച്ചവരെ അറിയിച്ചിരുന്നു. എന്നിട്ടും സമ്മർദ്ദം തുടരുകയായിരുന്നുവെന്നും യുവതി ചാറ്റിൽ പറയുന്നു. മുൻ എസ്എഫ്ഐ നേതാവിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നാണ് ഇവർ ആരോപിക്കുന്നത്. പിന്നീട് യുവതി പാലക്കാട്ടെ മറ്റൊരു കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലിക്ക് കയറി. ഇതോടെ അധ്യാപികയായ ജ്യൂവൽ പരാതി നൽകുകയായിരുന്നു.