കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ
കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് പറഞ്ഞു.
അതേസമയം, സിസാ തോമസിനെ ഗവർണർ നിയമിച്ചതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. അത്തരം സമയങ്ങളിൽ മറ്റേതെങ്കിലും സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കോ പ്രോ-വൈസ് ചാൻസലർമാർക്കോ ഉത്തരവാദിത്തം നൽകുകയാണ് പതിവെന്നാണ് സർക്കാരിന്റെ വാദം.
ആരാണ് സിസാ തോമസിന്‍റെ പേര് ശുപാർശ ചെയ്തതെന്ന് കോടതി കഴിഞ്ഞ ദിവസം പലതവണ ഗവർണറോട് ചോദിച്ചിരുന്നു. എന്നാൽ, സർക്കാർ നാമനിർദ്ദേശം ചെയ്തവർ യോഗ്യരല്ലാത്തവർ ആയതിനാലാണ് സ്വന്തം നിലയിൽ കണ്ടെത്തിയതെന്ന് ഗവർണർ മറുപടി നൽകിയത്.