കെടിയു വിസി നിയമനം; സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകി

ദില്ലി: സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധനാ ഹർജി നൽകി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സംസ്ഥാനത്തിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നേരത്തെ മുൻ വിസി ഡോ രാജശ്രീയും പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. സെലക്ഷൻ കമ്മിറ്റിയുടെ പിഴവിന്‍റെ ഇരയാണ് താനെന്ന് രാജശ്രീ ഹർജിയിൽ പറയുന്നു.

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസിയുടെ നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിലടക്കം യുജിസി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. എന്നാൽ പുനഃപരിശോധനാ ഹർജിയിൽ രാജശ്രീ സാങ്കേതിക പ്രശ്നങ്ങൾ ആണ് ചൂണ്ടിക്കാട്ടുന്നത്. വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രമാണ് സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തത്.

സെലക്ഷൻ കമ്മിറ്റി രൂപീകരണമോ ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതോ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ആ നടപടിയിൽ തനിക്ക് പങ്കില്ലെന്നും രാജശ്രീ സമർപ്പിച്ച അവലോകനത്തിൽ പറയുന്നു. രാജശ്രീയുടെ നിയമനം അസാധുവാണെന്ന് വിധിയിൽ പറഞ്ഞിരുന്നു. 4 വർഷം വി.സിയായിരുന്ന തനിക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു. ഇവ തിരിച്ചടയ്ക്കേണ്ടി വരുമെന്നും അതിനാൽ മുൻകാല പ്രാബല്യം നൽകരുതെന്നും ഹർജിയിൽ പറയുന്നു.