വി.സി നിയമനം; അഞ്ച് സര്‍വകലാശാലകളെ സുപ്രീംകോടതി ഉത്തരവ് ബാധിക്കും

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിലെ വി.സി. നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് ബാധിക്കുക സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളെ. പാനലിന് പകരം, ഒരൊറ്റ പേരാണ് നിയമനത്തിനായി ഗവർണർക്ക് നൽകിയത്. പാനൽ തയ്യാറാക്കുന്നതിനുപകരം ഒരു പേര് മാത്രം നിർദ്ദേശിച്ചതാണ് സാങ്കേതിക സർവ്വകലാശാലയിലെ പ്രശ്നം. ഇത് സുപ്രീം കോടതി റദ്ദാക്കിയതോടെ കണ്ണൂർ, കാലടി, ഫിഷറീസ്, എംജി, കേരള സർവകലാശാലകളിലെ വി.സി നിയമനങ്ങളും ചോദ്യം ചെയ്യപ്പെട്ടേക്കും. അങ്ങനെ സംഭവിച്ചാൽ അതും നിയമക്കുരുക്കിലേക്ക് നയിക്കും.

ഈ നിയമനങ്ങളെല്ലാം യു.ജി.സി ചട്ടങ്ങൾക്ക് എതിരാണെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. പുനഃപരിശോധനയ്ക്കു ഗവർണർ നടപടിയെടുത്താൽ സർക്കാരും സർവകലാശാലകളും പ്രതിസന്ധിയിലാകും.

വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി മൂന്നോ അഞ്ചോ പേരടങ്ങുന്ന പാനൽ നൽകണമെന്നാണ് യു.ജി.സിയുടെ നിയമം. ഈ പാനലിൽ നിന്ന് വി.സിയെ നിയമിക്കേണ്ടത് ചാൻസലറായ ഗവർണറാണ്. കണ്ണൂർ വി.സിയുടെ ആദ്യ നിയമനം പാനലിൽ നിന്നല്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.