വൈസ് ചാൻസലർ നിയമനം; ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതിനിടെ ഗവർണറുടെ കൈകളും ശുദ്ധമല്ലെന്ന വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. വി.സിമാരെ നിയമിക്കണമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ സ്വജനപക്ഷപാത നിലപാടിന് അനുകൂലമായി അന്ന് നിലപാടെടുത്ത ഗവർണറുടെ കരങ്ങളും ശുദ്ധമല്ലെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.

സ്വന്തം ജില്ലയിലെ വി.സി നിയമനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ച ഗവർണറുടെ നടപടി അനുചിതമാണെന്നും ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നടപടിയായിരുന്നു അതെന്നും സുധാകരൻ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

“യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിതരായ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ തീരുമാനം സ്വാഗതാർഹമാണ്. വി.സി നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഉപാധികൾ ലംഘിച്ച് വി.സിമാരെ നിയമിച്ചതിൽ ഗവർണർക്കും പങ്കുണ്ട്. കണ്ണൂർ, കാലടി സർവകലാശാലകളിലെ വി.സി നിയമനം തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ഗവർണർ സർക്കാരിന് വഴങ്ങി. സ്വന്തം ജില്ലയിലെ വി.സി നിയമനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ച ഗവർണറുടെ നടപടി അനുചിതമാണ്. ഭരണഘടനാപരമായ ഉയർന്ന പദവി വഹിക്കുന്ന ഒരു ഗവർണർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു നടപടിയായിരുന്നു അത്”, സുധാകരൻ പറഞ്ഞു.