​ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ ​കേ​ന്ദ്രമാകാൻ അരാദ സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ട്

ഷാ​ർ​ജ: ഷാർജയുടെ പുതിയ വാണിജ്യ കേന്ദ്രമായി അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സിബിഡി) വരുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം ഈ മേഖലയിൽ സ്ഥാപിക്കുന്ന ആദ്യത്തെ ബിസിനസ് പാർക്കാണിത്. അൽജാദയിൽ നിർമ്മിക്കുന്ന ബിസിനസ് ഡിസ്ട്രിക്ടിൽ 4.3 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 40 സ്മാർട്ട് ഓഫീസ് ബ്ലോക്കുകളുണ്ട്. എട്ട് ബ്ലോക്കുകളുടെ ആദ്യ ഘട്ടം 2025 ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഒരു സമയം 20,000 ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഇതിനുണ്ട്. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങൾക്ക്, സി.ബി.ഡി.യിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ഓഫീസ് തുറക്കാൻ കഴിയും. അത്യാധുനിക സാങ്കേതികവിദ്യകളുടെയും നൂതനാശയങ്ങളുടെയും കേന്ദ്രമായിരിക്കും സി.ബി.ഡി. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള എല്ലാത്തരം സ്ഥാപനങ്ങളെയും ആകർഷിച്ചുകൊണ്ട് ഒരു ബിസിനസ് ഹബ്ബായി മാറുക എന്ന ഷാർജയുടെ കാഴ്ചപ്പാട് നടപ്പാക്കുകയാണെന്ന് അരാദ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും വിനോദത്തിൽ ഏർപ്പെടുന്നതിനുമുള്ള ഒരു നഗരാനുഭവം സി.ബി. ഡി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രധാന ബിസിനസ്സ് പാർക്കുകളിലെ മികച്ച മോഡലുകൾ സ്വീകരിക്കുകയും അവ സംയോജിപ്പിക്കുകയും ചെയ്താണ് സി.ബി.ഡി സ്ഥാപിക്കുന്നതെന്ന് അരാദ വൈസ് ചെയർമാൻ ഖാലിദ് ബിൻ അൽവലീദ് ബിൻ തലാൽ പറഞ്ഞു.