പുരാരേഖാ നിയമനം; നിയമിക്കേണ്ടവരുടെ പേര് നിര്‍ദേശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: പുരാരേഖാ വകുപ്പില്‍ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ മന്ത്രിയുടെ ഇടപെടൽ. കോഴിക്കോട് റീജിയണൽ ഓഫീസിന്റെ കുന്ദമംഗലം സബ് സെന്‍ററിലും ഇടുക്കി ജില്ലാ ഹെറിറ്റേജ് കേന്ദ്രത്തിലും നിയമിക്കേണ്ടവരുടെ പേരുകൾ ആണ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർദേശിച്ചത്.
ഇതനുസരിച്ച് കുന്ദമംഗലം സബ് സെന്‍ററിലെ ഓഫീസ് അറ്റൻഡന്‍റ്, ലാസ്‌കര്‍ തസ്തികകളിലും ഇടുക്കിയിലെ ഓഫീസ് അറ്റൻഡന്‍റ് തസ്തികകളിലും നിയമനനിര്‍ദേശം വകുപ്പ് പുറപ്പെടുവിച്ചു. സുതാര്യമായും ധനവകുപ്പിന്‍റെ നിബന്ധനകൾക്ക് അനുസൃതമായും മൂന്ന് പേരുടെയും നിയമനം നടത്തണമെന്ന ഉദ്യോഗസ്ഥനിര്‍ദേശങ്ങള്‍ മറികടന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ. നിയമനം നടത്താൻ ഡയറക്ടർക്ക് അനുമതി നൽകാൻ ഏപ്രിൽ രണ്ടിന് മന്ത്രി ഇ-ഫയൽ വഴി ഉത്തരവിട്ടിരുന്നു.
കോഴിക്കോട് ജില്ലയിലെ വിവിധ ഓഫീസുകളിൽ സൂക്ഷിച്ചിരിക്കുന്ന 25 വർഷത്തിലധികം പഴക്കമുള്ളതും വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ സൂക്ഷിച്ചിരിക്കുന്നതുമായ സ്ഥിരം മൂല്യമുള്ള രേഖകൾ മാറ്റിസ്ഥാപിക്കുന്നതിനാണ് ഈ വർഷം മാർച്ചിൽ കുന്ദമംഗലം സബ്സെന്റര്‍ പ്രവർത്തനം ആരംഭിക്കാൻ പുരാരേഖാ വകുപ്പ് തീരുമാനിച്ചത്. ഇടുക്കിയിൽ ഒരു സ്ത്രീയെ ഓഫീസ് അറ്റൻഡന്‍റായി നിയമിക്കണമെന്ന ആവശ്യം അംഗീകരിച്ച മന്ത്രി ഉത്തരവിന് നിർദേശം നൽകുകയും ചെയ്തു. എന്തടിസ്ഥാനത്തിലാണ് ഇവരെ പരിഗണിച്ചതെന്ന് ഫയലുകളിൽ വ്യക്തമല്ല. ഫയലുകൾ പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂവെന്ന് പുരാരേഖാ വകുപ്പ് ഡയറക്ടർ പറഞ്ഞു.