ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക ഇല്ലേ..!

കോഴിക്കോട്: വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രറി സൗകര്യമില്ല. ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രോസ്പെക്ടസിലും ലൈബ്രറി ഫീസ് ഈടാക്കുന്നതായി പരാമർശിക്കുന്നുണ്ട്. എന്നാൽ , ഫലപ്രദമായ ലൈബ്രറി പ്രവർത്തനങ്ങളോ ലൈബ്രേറിയൻമാരോ ഇല്ലാതെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.

2001ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളും ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾസും അനുസരിച്ച് ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തികകളിലേക്ക് യോഗ്യതയുള്ള ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്.എന്നാൽ 22 വർഷമായി ഒരു നടപടിയും ഉണ്ടായിട്ടില്ല. എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ലൈബ്രേറിയൻമാരെ നിയമിക്കാൻ ഉത്തരവിറക്കിയെങ്കിലും സ്കൂൾ ഏകീകരണത്തിന്‍റെ പേരിൽ നടപടികൾ മാറ്റിവയ്ക്കുകയായിരുന്നു. സർക്കാർ സ്കൂളുകളുടെ കാര്യത്തിൽ പോലും അത്തരം ഇടപെടലുകൾ നടക്കുന്നില്ല.

ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളുടെ ഏകീകരണം നടപ്പാക്കിയ ശേഷമുള്ള സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം മാത്രമേ ലൈബ്രേറിയൻമാരുൾപ്പെടെ തസ്തികകൾ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത പരിശോധിക്കാനാകൂ എന്നാണ് സർക്കാർ നിലപാട്. എന്നാൽ, കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഒരു എയ്ഡഡ് സ്കൂളിൽ മാത്രം അഞ്ച് വർഷത്തേക്ക് താൽക്കാലിക നിയമനാടിസ്ഥാനത്തിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിച്ച് ഉത്തരവ് നടപ്പാക്കി ഉത്തരവിറക്കി.