അവിവാഹിതരാണോ? ഇതാ വിവാഹം കഴിപ്പിക്കാൻ സഹായമൊരുക്കി ഒരു പഞ്ചായത്ത്

കണ്ണൂർ: യുവാക്കൾ അവിവാഹിതരായിരിക്കുന്നതിൻറെ ആശങ്ക ഇനി വീട്ടുകാർ മാത്രം ഏറ്റെടുക്കേണ്ട, മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കാൻ റെഡിയാണ് കണ്ണൂരിലെ ഒരു പഞ്ചായത്ത്. അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂർ പട്ടുവം പഞ്ചായത്ത്.

ഓരോ വാർഡിലും ശരാശരി 10 മുതൽ 15 വരെ പുരുഷൻമാരും സ്ത്രീകളും വിവാഹപ്രായം കഴിഞ്ഞ് ശേഷം നിൽക്കുന്നതായാണ് കണക്കുകൾ പറയുന്നത്. ഗ്രാമസഭകളിലും ഈ വിഷയം ചർച്ചയായി. ഇതോടെ വിഷയം ഗൗരവമായി എടുക്കേണ്ടതാണെന്നു പഞ്ചായത്തിന് തോന്നിയെന്നു പട്ടുവം പഞ്ചായത്ത് പ്രസിഡന്‍റ് പി ശ്രീമതി പറഞ്ഞു.

ഈ വിഷയം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാതൊരു എതിർപ്പുമില്ലാതെയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. താത്കാലികമായി ഫണ്ട് അനുവദിക്കുകയും ചെയ്തു. സംസ്ഥാനത്തിൻറെ ചരിത്രത്തിൽ അപൂർവമായാണ് ഒരു പഞ്ചായത്ത് വിവാഹങ്ങൾ ഏറ്റെടുക്കുന്നത്.