ലക്ഷ്മിയെ ആരാധിക്കാത്ത മുസ്ലിംകളിൽ പണക്കാരില്ലെ? ബിജെപി എംഎൽഎയുടെ ചോദ്യം വിവാദമാകുന്നു

പാറ്റ്ന: ബിഹാറിലെ ബി.ജെ.പി എം.എൽ.എയുടെ ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശം വിവാദമാകുന്നു. ഭഗൽപൂർ ജില്ലയിലെ പിർപൈന്തി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ലാലൻ റെപാസ്വാൻ. ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം വിവാദമായത്.

“ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമേ നമുക്ക് സമ്പത്ത് ലഭിക്കൂ എങ്കിൽ മുസ്ലീങ്ങൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്ലീങ്ങൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവർ സമ്പന്നരല്ലേ? മുസ്ലീങ്ങൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല, മുസ്ലീങ്ങൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐഎഎസോ ഐപിഎസോ ആകുന്നില്ലേ?” ബി.ജെ.പി എം.എൽ.എ ചോദിച്ചു.

“ആത്മാവ്, പരമാത്മാവ്” എന്ന ആശയം ജനങ്ങളുടെ വിശ്വാസം മാത്രമാണെന്ന് എം.എൽ.എ പറഞ്ഞു. “നിങ്ങൾ വിശ്വസിച്ചാൽ അത് ദേവതയാണ്, ഇല്ലെങ്കിൽ അത് വെറും ശിലാവിഗ്രഹമാണ്. നമ്മൾ ദൈവങ്ങളിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മുടെ മാത്രം കാര്യമാണ്. ശാസ്ത്രീയ അടിത്തറയിൽ ചിന്തിക്കണം. നിങ്ങൾ വിശ്വസിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ ബൗദ്ധിക ശേഷി വർദ്ധിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.