അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കുന്നു

ന്യൂയോര്‍ക്ക്: അർജന്‍റീനയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ എം.എൽ.എസ് ലീഗിൽ കളിക്കുന്ന ഹിഗ്വയ്ൻ സീസൺ അവസാനത്തോടെ കളമൊഴിയും. നിലവിൽ അമേരിക്കൻ-കനേഡിയൻ ലീഗ് എംഎൽഎസിൽ ഇന്‍റർ മിയാമിക്ക് വേണ്ടിയാണ് ഹിഗ്വയ്ന്‍ കളിക്കുന്നത്.

ഈ സീസണിൽ ഇതുവരെ മിയാമിക്കായി 14 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ ഹിഗ്വയ്ൻ നേടിയിട്ടുണ്ട്. മിയാമിക്ക് വേണ്ടി കളിച്ച 64 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളും 14 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ഫ്രാൻസിൽ ജനിച്ച ഹിഗ്വയ്ൻ പിന്നീട് അർജന്‍റീനയിലേക്ക് താമസം മാറ്റി. അർജന്‍റീനിയൻ ക്ലബ് റിവർപ്ലേറ്റിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. 2005 മുതൽ 2007 വരെ ഹിഗ്വയ്ൻ റിവർ പ്ലേറ്റിനായി കളിച്ചു. 2007ൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ റയൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കി. ടീമിനൊപ്പം 264 മത്സരങ്ങളിലാണ് ഹിഗ്വയ്ന്‍ കളിച്ചത്. 121 ഗോളുകളും 56 അസിസ്റ്റുകളും റയലിനായി നേടി.