അർജീത് സിങ്ങിൻ്റെ പരിപാടിക്ക് അനുമതിയില്ല; വിവാദത്തിനിരയായി വീണ്ടുമൊരു ഷാരൂഖ് ഗാനം
കൊൽക്കത്ത: ‘പത്താൻ’ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിന് പിന്നാലെ മറ്റൊരു ഷാരൂഖ് ഖാൻ ചിത്രത്തിലെ ഗാനത്തെച്ചൊല്ലിയും വിവാദം കത്തിപ്പടരുന്നു. ബോളിവുഡ് ഗായകൻ അർജീത് സിങ്ങിന്റെ സംഗീത പരിപാടിക്ക് പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചതാണ് വിവാദമായത്. അടുത്ത വർഷം ഫെബ്രുവരി 18ന് കൊൽക്കത്തയിൽ നടത്താനിരുന്ന സംഗീത പരിപാടിക്കാണ് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചത്.
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് സർക്കാരിൻ്റെ വിശദീകരണം. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. അടുത്തിടെ നടന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അർജീത് സിംഗ് പാടിയ ഗാനമാണ് ഇതിന് കാരണമെന്ന് ബിജെപി ആരോപിച്ചു.
2015 ൽ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ‘ദിൽവാലെ’ എന്ന ചിത്രത്തിലെ ‘രംഗ് ദേ തു മോഹേ ഗേരുവാ’ എന്ന ഗാനം അർജീത് സിംഗ് ആലപിച്ചിരുന്നു. ഈ വരികളുടെ ഏകദേശ പരിഭാഷ ‘എന്നെ കാവി നിറം അണിയിക്കൂ’ എന്നാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സന്നിഹിതയായിരുന്ന ഈ പരിപാടിയിൽ പാടിയ ഗാനമാണ് അർജീത് സിങ്ങിന്റെ സംഗീത പരിപാടിക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിക്കാൻ കാരണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.