കുടിശിക 2 കോടി; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം തടസപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിലേക്ക് ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങൾ നൽകിയ വകയിലുള്ള കുടിശിക 2 കോടി. ഇതോടെ സാധനങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തിയതിനാൽ കാത്ത് ലാബ് അടച്ചുപൂട്ടി. കഴിഞ്ഞ ഏപ്രിൽ മുതലുള്ള തുക കുടിശികയായെന്നു വ്യാപാരികൾ പറഞ്ഞു. ചിലർക്കു മാത്രം ഏപ്രിലിലെ പണം നൽകിയിട്ടുണ്ട്.

കുടിശിക തുക ലഭിച്ചില്ലെങ്കിൽ സാധനങ്ങളുടെ വിതരണം നിർത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ, ആശുപത്രി സൂപ്രണ്ട്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തുടങ്ങിയവരെയെല്ലാം മുൻപേ തന്നെ അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തതാണെന്നു വിതരണക്കാർ പറഞ്ഞു. കുടിശിക കിട്ടാതെ ഇനിയും മുന്നോട്ടു പോകാൻ പറ്റാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയതെന്നു ഇവർ അറിയിച്ചു.

പ്രതിമാസം ശരാശി 40 ആൻജിയോഗ്രാമും അനുബന്ധമായി ആൻജിയോ പ്ലാസ്റ്റിയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചെയ്യുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തി ചെയ്യുന്നതിനാൽ പാവപ്പെട്ട രോഗികൾക്ക് അതു ഏറെ ആശ്വാസമാണ്. തീരദേശ മേഖലയിലെ രോഗികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ബീച്ച് ആശുപത്രി.