കെ.എസ്. ശബരീനാഥന്റെ അറസ്റ്റ്; പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മുൻ എം.എൽ.എ കെ.എസ് ശൈലജ അറസ്റ്റിൽ. ശബരീനാഥന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. വ്യാജ അറസ്റ്റാണ് നടന്നതെന്ന് യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് രാവിലെ 11 മണിക്ക് കോടതി പറഞ്ഞിരുന്നുവെന്നും എന്നാൽ അതിന് ശേഷം മാത്രമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി ഭീരുവിനെപ്പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. യഥാർഥ കുറ്റവാളിയായ ജയരാജനെതിരെ പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നതാണ് യൂത്ത് കോൺഗ്രസിന്‍റെ മറുചോദ്യം.

ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യ സമയം എത്രയെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. സമയം വ്യക്തമാക്കുന്ന രേഖ ഉടൻ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അൽപസമയത്തിനകം വീണ്ടും പരിഗണിക്കും. കെ.എസ് ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് കെ.എസ് ശബരീനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിൽ ശബരീനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹർജി പരിഗണിക്കുന്നതുവരെ ശബരീനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്വേഷണ സംഘത്തിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.