സംസ്‌കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി അര്‍ത്തുങ്കല്‍ പള്ളി
എറണാകുളം: സംസ്‌കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാൻ ലത്തീന്‍ സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നത് എന്ന് അധികൃതര്‍ പറയുന്നു.
പ്ലാസ്റ്റിക് കവറും അഴുകാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ശവപ്പെട്ടിയിൽ അടക്കുന്ന മൃതദേഹം വർഷങ്ങൾക്ക് ശേഷവും മണ്ണിനോട് ചേരുന്നില്ല. ഇത് മനസ്സിലാക്കിയാണ് പുതിയ രീതി ആരംഭിച്ചത്. അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്.
ചുള്ളിക്കല്‍ ഫിലോമിന പീറ്ററുടെ സംസ്‌കാരമാണ് ഇത്തരത്തില്‍ ആദ്യമായി നടത്തിയത്. തീരദേശ മണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീര്‍ണിക്കുന്നത് വൈകിക്കും. ഈ സാഹചര്യത്തില്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ തൗണ്ടയിലാണ് പുതിയ ആശയത്തിന് രൂപം നല്‍കിയത്. വിവിധ തലങ്ങളില്‍ ഒരു വര്‍ഷത്തോളമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ രീതി നടപ്പിലാക്കിയത്.