അമേരിക്കയിലെ ഏറ്റവും സമ്പന്നരായ പത്തുപേരിൽ ഇനി സുക്കർബർഗില്ല

മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്നു. എന്നാൽ ഇപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും ധനികരായ ആളുകളുടെ ആദ്യ 10 പട്ടികയിൽ നിന്ന് പോലും അദ്ദേഹം പുറത്തായി. ഫോബ്സ് പുറത്തുവിട്ട യുഎസിലെ 400 സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ് സുക്കർബർഗ്. 2015ന് ശേഷം ഇതാദ്യമായാണ് സുക്കർബർഗ് ആദ്യ പത്തിൽ നിന്ന് പുറത്താകുന്നത്.

2021 സെപ്റ്റംബർ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ സുക്കർബർഗിന് തന്‍റെ സമ്പത്തിന്‍റെ പകുതിയിലധികം നഷ്ടപ്പെട്ടതായി ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു. അതായത് 76.8 ബില്യൺ ഡോളർ. പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന ഫേസ്ബുക്ക് മേധാവി ഇപ്പോൾ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഫെയ്സ്ബുക്ക് സ്ഥാപിച്ച് നാല് വർഷത്തിൻ ശേഷം 2008ലാണ് സുക്കർബർഗ് ആദ്യമായി കോടീശ്വരനാകുന്നത്. 23-ാം വയസ്സിൽ ഫോബ്സിന്‍റെ 400 സമ്പന്നരുടെ പട്ടികയിൽ 321-ാം സ്ഥാനത്തെത്തി. അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായിരുന്നു അദ്ദേഹം.