തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ നിയമനം; ഫയലുകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: വിരമിച്ച പഞ്ചാബ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമന പ്രക്രിയയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിയമനം ഒഴിവാക്കാമായിരുന്നെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.

അരുൺ ഗോയലിന്‍റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വ്യാഴാഴ്ച ഹാജരാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിർദേശം. നിയമന പ്രക്രിയ എങ്ങനെ പോകുന്നുവെന്ന് മനസിലാക്കാനാണ് ഫയലുകൾ പരിശോധിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. സർക്കാർ അവകാശപ്പെടുന്നതുപോലെ നിയമന പ്രക്രിയ ശരിയായ രീതിയിലാണെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. നിയമനത്തിന് കോടതി വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ട രമണി വാദിച്ചു.

ഗോയലിന്‍റെ നിയമനം ശരിയായ രീതിയിലല്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. സാധാരണയായി, വിരമിച്ച ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കാൻ തുടങ്ങിയതിന്‍റെ പിറ്റേന്നാണ് അരുൺ ഗോയലിന് സ്വന്തമായി സർവീസിൽ നിന്ന് വിരമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പിറ്റേന്ന് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച് ഉത്തരവിറക്കി. മെയ് മുതൽ ഒഴിഞ്ഞ് കിടക്കുന്ന ഒരു ഒഴിവ് നികത്താൻ തിടുക്കപ്പെട്ടാണ് സർക്കാർ നിയമനം നടത്തിയതെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.