ഐഎഎസ് ഉപേക്ഷിച്ച് അരുൺ കുമാർ; പാവപ്പെട്ടവർക്കായി ഗംഗാതീരത്ത് ‘ഫ്രീ കോച്ചിങ് ക്ലാസ്’

പട്ന: ഐ.എ.എസ്. ജോലിയുപേക്ഷിച്ച് പാവപ്പെട്ട വിദ്യാർഥികളുടെ സിവിൽ സർവീസ് മോഹങ്ങൾക്ക് കരുത്ത് പകരുന്ന ഒരാളുണ്ട് അങ്ങ് ബിഹാറിലെ പട്നയിൽ. 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുൺ കുമാറാണ് ജോലി ഉപേക്ഷിച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നത്. ഏകദേശം 3,500 വിദ്യാർത്ഥികളാണ് ഗംഗയുടെ തീരത്തുള്ള അദ്ദേഹത്തിന്‍റെ ക്ലാസിൽ പഠിക്കാൻ വരുന്നത്.

പണമില്ല എന്ന കാരണത്താൽ പാവപ്പെട്ടവരുടെ സിവിൽ സർവീസ് മോഹങ്ങൾ അവസാനിക്കരുതെന്നാണ് അരുൺ കുമാർ പറയുന്നത്. സാമൂഹിക പ്രവർത്തകയായ ഭാര്യ ഋതു ജയ്സ്വാളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം അധ്യാപനത്തിലേക്ക് തിരിഞ്ഞത്. ഋതുവാണ് ഗംഗയുടെ തീരത്തിരുന്ന് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒരു വീഡിയോ അരുൺ കുമാറിനെ കാണിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം ജോലി ഉപേക്ഷിച്ച് അവരെ പഠിപ്പിക്കാൻ ആരംഭിച്ചത്.

എല്ലാ ദിവസവും രാവിലെ, ഗംഗയുടെ തീരത്ത് അദ്ദേഹം കുട്ടികൾക്കായി ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഒരുമിച്ച് പഠിക്കാനും പരസ്പരം മാർഗദർശികളാകാനും കഴിയുന്ന തരത്തിലുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അരുൺ കുമാർ പറഞ്ഞു. സ്വന്തമായി പഠിച്ചാണ് അദ്ദേഹം 1994 ൽ സിവിൽ സർവീസ് പരീക്ഷ പാസായത്. ഇന്ന്, അദ്ദേഹത്തിന്‍റെ വിദ്യാർത്ഥികളിൽ പലരും സിവിൽ സർവീസ് പരീക്ഷ പാസായി. കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമുള്ള ഒരു പരീക്ഷയാണ് സിവിൽ സർവീസ്. മത്സരപരീക്ഷകളുടെ പരിശീലനത്തിനായുള്ള വലിയ ചെലവ് താങ്ങാൻ കഴിയാത്ത നിരവധി വിദ്യാർത്ഥികൾക്ക് അദ്ദേഹത്തിന്‍റെ ക്ലാസ് ഒരു വെളിച്ചമാണ്.