അരവിന്ദ് കേജ്‌രിവാൾ അധികാരത്തിന്റെ ലഹരിയിലാണ്; അണ്ണാ ഹസാരെ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. കേജ്‌രിവാളിന് അയച്ച കത്തിലാണ് മദ്യലഹരിയിലാണെന്ന ആരോപണം. “അധികാരം, മദ്യം പോലെ ലഹരിയാണ്. നിങ്ങൾക്ക് അധികാരത്തോട് ഭ്രമമുണ്ട്,” എന്ന് കേജ്‌രിവാളിന്‍റെ ഗുരു കൂടിയായ ഹസാരെ സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ച് എഴുതി.
ഹസാരെയുടെ കുറിപ്പ്,-
“നിങ്ങൾ മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് കത്തെഴുതുന്നത്. സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതിനാലാണ് ഇങ്ങനെ എഴുതുന്നത്. ഞാൻ ആമുഖം എഴുതിയ ‘സ്വരാജ്’ എന്ന നിങ്ങളുടെ ബുക്കിൽ മദ്യനയത്തെക്കുറിച്ച് വളരെ ആദർശപരമായ കാര്യങ്ങൾ നിങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രദേശവാസികളുടെ അനുമതിയില്ലാെത ഒരു മദ്യശാല പോലും തുറക്കില്ലെന്നത് ഉൾപ്പെടെ ഇതിൽപ്പെടും. എന്നാൽ മുഖ്യമന്ത്രിയായതിനു ശേഷം നിങ്ങൾ ആ ആദർശങ്ങളെല്ലാം മറന്നിരിക്കുന്നു.”
കേജ്‌രിവാളും മനീഷ് സിസോദിയയും ചേർന്ന് രൂപീകരിച്ച ആം ആദ്മി പാർട്ടി (എഎപി) ഇപ്പോൾ മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹസാരെ പറഞ്ഞു. യോഗ്യതയില്ലാത്തവർക്ക് മദ്യ ലൈസൻസ് നൽകിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ 15 പ്രതികളിൽ ഒരാളാണ് ഡൽഹി ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയ.