ആര്യ രാജേന്ദൻ കത്തയച്ചിട്ടില്ല: കേസില്‍ സിബിഐ വേണ്ടെന്ന് കോടതിയിൽ നിലപാടെടുത്ത് സർക്കാർ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയറെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ രംഗത്ത്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചിട്ടില്ലെന്നും, പുറത്ത് വന്ന കത്ത് തന്‍റേതല്ലെന്നും മേയർ മൊഴി നൽകിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്റെ പ്രതികരണം.

കത്തിന്‍റെ ഉറവിടം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തന്നെ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് സമയം നൽകണം. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള എഫ്.ഐ.ആർ. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. ഈ സമയത്ത് കോടതി ഇടപെടലോ അന്വേഷണ ഏജൻസിയെ മാറ്റുകയോ വേണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മേയർ ഹാജരാകാത്ത സമയത്താണ് കത്ത് തയ്യാറാക്കിയതെന്നാണ് സർക്കാർ പറയുന്നത്.

ഈ കേസിൽ പരാതി നൽകിയ ഉടൻ തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്തണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർഡ് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാറാണ് ഹർജി നൽകിയത്. പരാതി നൽകിയ ഉടൻ തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.