ഒപ്പുവയ്ക്കാനൊരുങ്ങുമ്പോള്‍ മേശപ്പുറമാകെ അലങ്കോലം; അസ്വസ്ഥനായി ചാള്‍സ് രാജാവ്

ബ്രിട്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണശേഷം, ബ്രിട്ടണിലെ രാജാവായി ചാള്‍സിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ വലിയ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. ലണ്ടനിലെ സെന്‍റ് ജെയിംസ് പാലസിലാണ് ചരിത്രപ്രാധാന്യമുള്ള ചടങ്ങുകൾ നടന്നത്. ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കാനുള്ള ചടങ്ങിനിടെ രാജാവ് അസ്വസ്ഥനാകുന്ന വീഡിയോയും സൈബർ ഇടത്തിൽ ശ്രദ്ധ നേടുകയാണ്. പ്രവേശന വിളംബരത്തിൽ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്‍റെ മേശ വൃത്തിഹീനമാണെന്ന വസ്തുത ചാൾസ് രാജാവിനെ അസ്വസ്ഥനാക്കി. രാജാവ് തന്‍റെ അസ്വസ്ഥതകൾ പരിചാരകരോട് കൃത്യമായി പ്രകടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പ്രഖ്യാപനത്തിൽ ഒപ്പിടുന്നതിന് തൊട്ടുമുമ്പ്, ചാൾസ് രാജാവിന്‍റെ മേശപ്പുറത്ത് മഷി കുപ്പികൾ ഉൾപ്പെടെ അടുക്കിവച്ചിരുന്നു. ഇതെല്ലാം മേശയിൽനിന്ന് നീക്കം ചെയ്യാൻ രാജാവ് ഉടനെ പരിചാരകരോട് ആവശ്യപ്പെടുന്നു. മോശപ്പുറത്ത് നിരവധി സാധനങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതില്‍ രാജാവ് എത്രത്തോളം അസ്വസ്ഥനാണെന്ന് വിഡിയോയിലെ അദ്ദേഹത്തിന്റെ മുഖഭാവം തെളിയിക്കുന്നുണ്ട്.