ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് പ്രവർത്തനമില്ലാത്തതിനാൽ, സിൽവർ ലൈനിൽ നിന്ന് പിന്മാറില്ല: കാനം

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കാനം രാജേന്ദ്രൻ. ഇപ്പോൾ പ്രവർത്തനമില്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതെന്നും കാനം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കാനം പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫിനെ ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും ചർച്ചയാകുന്നുണ്ടെന്നും കാനം പറഞ്ഞു. അതേസമയം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് പുതിയ കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇത് സർക്കാർ നൽകിയ കാറല്ലെന്നും കാനം പറഞ്ഞു. കാർ വാങ്ങണോ വേണ്ടയോ എന്ന് ഖാദി ബോർഡിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. ഇതിനായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് കാർ വാങ്ങുന്നത്. വ്യവസായ മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഖാദി ഡയറക്ടർ ബോർഡ് ആണ് വൈസ് ചെയർമാനായി 35 ലക്ഷം രൂപ വിലമതിക്കുന്ന കാർ വാങ്ങാൻ തീരുമാനിച്ചത്.

മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് പുറപ്പെടുവിച്ചത്. പി ജയരാജന്‍റെ ശാരീരികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഹൈക്കോടതി ജഡ്ജിമാർക്കായി 4 കാറുകൾ വാങ്ങാനും തീരുമാനിച്ചിരുന്നു.