അധ്യക്ഷപദത്തിലേക്ക് മത്സരിക്കാൻ ഉപാധി മുന്നോട്ട് വച്ച് അശോക് ഗെഹ്ലോട്ട്
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉപാധി മുന്നോട്ട് അശോക് ഗെഹ്ലോട്ട്. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാലും രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണം എന്നാണാവശ്യം. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർദേശിച്ചാൽ താൻ നിർദേശിക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയാനാണ് അശോക് ഗെഹ്ലോട്ടിന്‍റെ നീക്കം. അശോക് ഗെഹ്ലോട്ട് തന്‍റെ നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അധ്യക്ഷനാകാൻ സോണിയാ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടെങ്കിലും രാജസ്ഥാൻ രാഷ്ട്രീയത്തിൽ തന്‍റെ സ്വാധീനം നിലനിർത്താനുള്ള നീക്കങ്ങൾ നടത്താനാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ ഗെലോട്ട് സമയമെടുക്കുന്നതെന്നാണ് സൂചന. ഗെഹ്ലോട്ട് പ്രസിഡന്‍റായാൽ ഏറെക്കാലമായി താൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ. ഗെഹ്ലോട്ട് അതിനും തടയിട്ടാൽ പ്രതിഷേധമെന്ന നിലയിൽ സച്ചിൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ജി-23 ഗ്രൂപ്പിലെ ഉന്നത നേതാവായ ആനന്ദ് ശർമ ഉൾപ്പെടെയുള്ളവർ തരൂർ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് തരൂർ ആണെന്ന് ജി 23 വൃത്തങ്ങൾ അറിയിച്ചു. തരൂർ ഉടൻ തന്നെ ദേശീയ നേതാക്കളുമായി ചർച്ച നടത്തും.