പുതിയ പാര്‍ലമെന്റിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് രൗദ്രത? വിവാദമാകുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച അനാച്ഛാദനം ചെയ്ത പുതിയ പാർലമെന്‍റ് മന്ദിരത്തിലെ അശോക് സ്തംഭം വിവാദത്തിൽ. ദേശീയ ചിഹ്നമായ അശോക സ്തംഭം പാർലമെന്‍റ് മന്ദിരത്തിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ സിംഹങ്ങളുടെ പരിവർത്തനമാണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. എക്‌സ്യൂട്ടീവിന്റെ തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി ചിഹ്നം അനാവരണം ചെയ്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ദേശീയ ചിഹ്നം തന്നെ പരിഷ്‌കരിച്ച് അപമാനിച്ചതായി പ്രതിപക്ഷം ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് രൂക്ഷ വിമർശനവുമായി ബിജെപിക്കെതിരെ രംഗത്ത് എത്തിയത് .

ബിജെപി ദേശീയ ചിഹ്നത്തെ അപമാനിച്ചുവെന്ന് രാജ്യസഭാ എംപി ജവഹർ സർക്കാർ ആരോപിച്ചു. മുമ്പത്തെയും ഇപ്പോഴത്തെയും ദേശീയ ചിഹ്നത്തിൽ സിംഹങ്ങളുടെ ആവിഷ്കാരത്തിലെ വ്യത്യാസം കാണിക്കുന്ന ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജവഹർ ട്വീറ്റ് ചെയ്തത്. യഥാർത്ഥ അശോക സിംഹങ്ങൾ വളരെ ശാന്തരാണ്. ആത്മവിശ്വാസമുള്ളവാക്കുന്നതുമാണ്. എന്നാൽ ഇന്നത്തെ അശോക സിംഹങ്ങൾ മോദിയുടെ ഒരു പതിപ്പാണ്. ഇവ വളരെ ആക്രമണോത്സുകമായ, അലറുന്ന സിംഹങ്ങളാണ്. ഇത് തീർത്തും തെറ്റാണ്. ഇത് എത്രയും വേഗത്തിൽ നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സ്വയം പരിഷ്കരിച്ച് കേന്ദ്രം ദേശീയ ചിഹ്നത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യമായ മുഖമുണ്ടെന്നും പുതിയ ശിൽപത്തിലുള്ളവർക്ക് നരഭോജി മനോഭാവമുണ്ടെന്നും ആർജെഡി ട്വീറ്റ് ചെയ്തു. യഥാർത്ഥ അശോക തൂണിലെ സിംഹങ്ങൾ സൗമ്യമായി പെരുമാറുന്നു. എന്നാൽ അമൃത് കാലിൽ നിർമ്മിച്ചവ രാജ്യത്തെ എല്ലാം ഭക്ഷിക്കുന്ന നരഭോജിയുടെ രൂപം കാണിക്കുന്നു,” ട്വീറ്റിൽ പറയുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ ബി.ജെ.പി തള്ളിക്കളഞ്ഞു. സമൂഹത്തിൽ എല്ലാം വികസിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം നാം ഇങ്ങനെ പരിണമിച്ചു. ഒരു കലാകാരന്‍റെ ആവിഷ്കാരം സർക്കാരിന്റെ നിലപാടാകണമെന്നില്ല. എല്ലാത്തിനും ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല,” ബിജെപി നേതാവ് ചന്ദ്രകുമാർ ബോസ് പറഞ്ഞു.