ഏഷ്യാ കപ്പ്; വേദി മാറ്റണമെന്ന് ഇന്ത്യ, ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ

ലാഹോര്‍: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരുന്ന 2023 ഏഷ്യാ കപ്പ് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയാൽ, അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നും പിൻമാറുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

ഏഷ്യാ കപ്പ് കളിക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്നും നിഷ്പക്ഷ വേദിയിൽ ടൂർണമെന്‍റ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതേതുടർന്ന് അടിയന്തര യോഗം ചേര്‍ന്ന പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ നിന്നും പിന്‍മാറുന്നതടക്കമുള്ള കാര്യങ്ങള്‍ ചർച്ച ചെയ്തത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ സമ്മർദ്ദം ചെലുത്താനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്.