‘മിന്നൽ മുരളിക്ക്’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്. ഈ ചിത്രം മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് അർഹമായിരിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യാ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാണ് മിന്നൽ മുരളി ഈ നേട്ടം കൈവരിച്ചത്.
ടൊവീനോ തോമസ് നായകനായ ചിത്രമാണ് മിന്നൽ മുരളി. പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രത്തിന് ഇന്ത്യയിലുടനീളം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം ഇതിനകം തന്നെ നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിലും ചിത്രം തിളങ്ങി. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും മികച്ച വിഎഫ്എക്‌സിനുള്ള അവാർഡും ആണ് ചിത്രം നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നോമിനേഷൻ പട്ടികയിലും ഈ ചിത്രം ഇടം നേടി. സൈമ അവാർഡിലും ചിത്രം തിളങ്ങി.
‘ഗോദ’യ്ക്ക് ശേഷം ടൊവീനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച ചിത്രമാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. മിന്നൽ മുരളിയുടെ പ്രധാന ഇതിവൃത്തം, ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍, കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ്. ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ആഴ്ചയിൽ, ചിത്രം 11 രാജ്യങ്ങളുടെ ടോപ് 10 ലിസ്റ്റിലും ഇടം നേടി.