ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ; ആദ്യ മത്സരം ഇന്ന്

ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ന് കൊൽക്കത്തയിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യ കംബോഡിയയെ നേരിടും. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യയുടെ സ്ഥാനം. കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവയേക്കാൾ മുന്നിലാണ് ഇന്ത്യ. ഈ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

എന്നാൽ ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പും സ്റ്റിമാചിന് കീഴിലുളള ഇന്ത്യയുടെ പ്രകടനവും ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ ആശങ്കപ്പെടുത്തുന്നു. ജോർദാനെതിരായ തോൽവിയായിരുന്നു ഇന്ത്യയുടെ അവസാന മത്സരം. അന്ന് ഇന്ത്യയിൽ നിന്ന് വളരെ മോശം പ്രകടനമായിരുന്നു ഉണ്ടായത്. ഇന്ന്, ഇന്ത്യ അൽപം മെച്ചപ്പെട്ട ഇലവനെ ഫീൽഡ് ചെയ്യും. സുനിൽ ഛേത്രിക്കൊപ്പം സ്റ്റാർട്ടിംഗ് ഇലവനിൽ തന്നെ യംഗ് ലിസ്റ്റൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാളി താരങ്ങളായ സഹലും ആഷിഖും ഇന്ന് ടീമിനൊപ്പമുണ്ടാകും. ഇന്ന് രാത്രി 8.30ന് സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും മത്സരം കാണാം.