Latestലോകം

ഏഷ്യൻ പര്യടനം; ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: വരാനിരിക്കുന്ന ഏഷ്യൻ പര്യടനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. കിമ്മുമായി തനിക്ക് വലിയ ബന്ധമുണ്ടെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമുണ്ടെന്നും എയർ ഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

ട്രംപിനെ വീണ്ടും കാണാൻ താൻ ഒരുക്കമാണെന്ന് കിം ജോങ് ഉന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഉത്തര കൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന യുഎസിൻ്റെ ‘അസംബന്ധമായ ആവശ്യം’ നിർത്തലാക്കിയാൽ മാത്രമേ ഇത് സാധ്യമാകൂവെന്നും കിമ്മിനെ ഉദ്ധരിച്ച് ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (Apec) ഫോറത്തിനായി ട്രംപ് ദക്ഷിണ കൊറിയയിൽ എത്തുമ്പോൾ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ മന്ത്രി ചുങ് ഡോങ്-യോങും വ്യക്തമാക്കി. എന്നാൽ ട്രംപിൻ്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഈ കൂടിക്കാഴ്ച ഇല്ലെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മലേഷ്യയിൽ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ജപ്പാനിലെത്തുന്ന ട്രംപ് ലോകനേതാക്കളുമായി ചർച്ച നടത്തും. പിന്നീട് ബുധനാഴ്ച ദക്ഷിണ കൊറിയൻ നഗരമായ ബുസാനിൽ അപെക് ഉച്ചകോടിക്കായി എത്തുകയും ദക്ഷിണ കൊറിയൻ നേതാവ് ലീ ജെ മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നാണ് ഷെഡ്യൂളുകൾ വ്യക്തമാക്കുന്നത്. ട്രംപിൻ്റെ ഏഷ്യൻ പര്യടനത്തിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടുന്നുണ്ട്.

ഉത്തര കൊറിയയോടും ആണവായുധങ്ങൾ നിർമ്മിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളോടും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ട്രംപ് മുമ്പ് കിമ്മിനെ “ചെറിയ റോക്കറ്റ് മനുഷ്യൻ” എന്ന് പരിഹസിച്ചിരുന്നു. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഇരുവരും മൂന്ന് തവണ മുഖാമുഖം കണ്ടിട്ടുണ്ടെങ്കിലും ആണവ നിരായുധീകരണ പദ്ധതിയിൽ ഒരു ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. 2019-ൽ ട്രംപ് ഉത്തര കൊറിയ സന്ദർശിക്കുകയും ഇത് ഉത്തര കൊറിയൻ മണ്ണിൽ കാലുകുത്തുന്ന ആദ്യത്തെ യുഎസ് പ്രസിഡൻ്റ് എന്ന നിലയിൽ ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്നത്തെ കൂടിക്കാഴ്ചകൾക്ക് ശേഷം ഉത്തര കൊറിയ ഇൻ്റർകോണ്ടിനെൻ്റൽ മിസൈലുകളുടെ നിരവധി പരീക്ഷണങ്ങൾ നടത്തിയതായി പുറത്തുവന്നിരുന്നു.