ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ നെറ്റ്ഫ്ലിക്സില്‍ ഉടനെത്തും

കൊച്ചി: രാജീവ് രവി സംവിധാനം ചെയ്ത ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രം ജൂൺ 24ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം മെയ് 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ‘കമ്മട്ടിപ്പാടം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണക്കേസിന്റെ അന്വേഷണത്തെ ആസ്പദമാക്കിയുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഷറഫുദ്ദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ എന്നിവരും ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തനായ സിബി തോമസാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്.