വിദ്യാർത്ഥിനിയോട് അതിക്രമം; പ്രധാനാധ്യാപകനെ വളഞ്ഞിട്ട് മർദ്ദിച്ച് വിദ്യാർത്ഥിനികൾ
ശ്രീരംഗപട്ടണം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് സ്കൂൾ ഹോസ്റ്റലിൽ മോശമായി പെരുമാറിയ പ്രധാന അധ്യാപകനെ സംഘം ചേർന്ന് മർദ്ദിച്ച് വിദ്യാർത്ഥിനികൾ. കർണാടകയിലെ ശ്രീരംഗപട്ടണത്തുള്ള കാട്ടേരി ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പ്രധാന അധ്യാപകൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പെൺകുട്ടി ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥിനികളെ അറിയിച്ചതിനെ തുടർന്ന് വടികളുമായി എത്തിയ വിദ്യാർത്ഥിനികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. ക്ലാസ് മുറി പൂട്ടാൻ അധ്യാപകൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനികൾ മുറിയിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്കൂൾ ഹോസ്റ്റലിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പും നിരവധി പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.