നിയമസഭാ കയ്യാങ്കളി കേസ്: കുറ്റപത്രം അവതരിപ്പിച്ച് കോടതി, കുറ്റം നിഷേധിച്ച് ജയരാജൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ ആരോപണങ്ങൾ നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിന് പിന്നാലെയാണ് ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചത്. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസെന്ന് ജയരാജൻ ആരോപിച്ചു.

അന്നത്തെ പ്രതിപക്ഷത്തെ അപമാനിക്കാനാണ് സ്പീക്കറും സർക്കാരും ശ്രമിച്ചതെന്നും ജയരാജൻ പറഞ്ഞു. കേസിലെ മൂന്നാം പ്രതിയാണ് ജയരാജൻ. കേസിലെ മറ്റ് അഞ്ച് പ്രതികളും ഈ മാസം 14ന് നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി ജയരാജൻ അന്ന് ഹാജരായില്ല. ഇതേതുടർന്ന് ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഇ.പി ജയരാജനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്.

വിചാരണ തീയതി അടുത്ത മാസം 26ന് തീരുമാനിക്കും. നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാൻ ഒരു മാസത്തെ സാവകാശം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച രേഖകളും ദൃശ്യങ്ങളും പ്രതികൾക്ക് കൈമാറേണ്ടതുണ്ട്. ദൃശ്യങ്ങളും രേഖകളും കോടതിയിൽ കൈമാറാൻ പ്രോസിക്യൂഷൻ സാവകാശം തേടി. അടുത്ത മാസം 26ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിചാരണ തീയതി അന്നേ ദിവസം തീരുമാനിക്കുമെന്ന് സിജെഎം കോടതി അറിയിച്ചു.